കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ആംബുലൻസ് മോഷ്ടിച്ചത്. ഓട്ടം കഴിഞ്ഞെത്തിയ ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ നിന്ന് ചായ കുടിക്കാൻ ആംബുലൻസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇദ്ദേഹം ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തിരുന്നില്ല. ഈ തക്കം നോക്കി മോഷ്ടാവ് ആംബുലൻസുമായി കടന്ന് കളയുകയായിരുന്നു.
കരുനാഗപ്പള്ളി സ്വദേശി ജോതിഷിന്‍റേതാണ് ആംബുലൻസ്. പുലർച്ചെ തന്നെ ജോതിഷ് പൊലീസിൽ പരാതി നൽകി. ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും സംസ്ഥാനമൊട്ടാകെ തെരച്ചിൽ തുടങ്ങി. ഒടുവിൽ എറണാകുളം ഹൈക്കോടതിക്ക് സമീപം ആംബുലൻസ് കണ്ടെന്ന് വിവരം കിട്ടി.
ഇക്കാര്യം പൊലീസിൽ അറിയിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. എന്തെങ്കിലും സാധനങ്ങൾ കടത്താനാണോ ആംബുലൻസ് മോഷ്ടിച്ചതെന്നാണ് സംശയം. ആംബുലൻസ് സഞ്ചരിച്ച വഴിയിലെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.