അഹമ്മദാബാദ്: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. ഗുജറാത്തിലെ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നദികളും കരകവിയുകയും ഡാമുകള്‍ നിറഞ്ഞ് ഒഴുകുകയുമാണ്. പലയിടത്തും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യത്തില്‍ പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
ഗുജറാത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ജൂണ്‍ ഒന്നുമുതല്‍ കനത്ത മഴയെ തുടര്‍ന്ന് മരിച്ചത് 63 പേരാണ്. അപകടങ്ങളില്‍ പെട്ട 468 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.
മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും തീവ്രമഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അധികൃതര്‍ പറഞ്ഞു.
തെലങ്കാനയില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. തീവ്ര മഴകണക്കിലെടുത്ത് മിക്കജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നദികള്‍ കരികവിഞ്ഞൊഴുകയാണ്. ഡാമുകള്‍ നിറഞ്ഞ സാഹചര്യമാണുള്ളത്. ചിലിയിടത്ത് വാഹനഗതാഗതം നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ ഗോദാവരി നദി കരകവിഞ്ഞൊഴുകുമെന്ന് മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്.