കൊച്ചി: ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിനിക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
ബുധനാഴ്ച രാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിലാണ് സംഭവം. ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികൾ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ 27നാണ് എറണാകുളത്ത് എത്തിയത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ വൈദ്യപരിശോധനയിൽ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ തീവ്രചരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇവർക്ക് മയക്കുമരുന്ന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെൺകുട്ടിയുടെ മൊഴി സെൻട്രൽ പോലീസ് രേഖപ്പെടുത്തി. തനിക്ക് ഒന്നുംതന്നെ ഓർമയില്ലെന്നാണ് യുവതി പറയുന്നത്. അതേസമയം കൂട്ടുകാരിക്കൊപ്പം യുവതിയെ ആശുപത്രിയിലെത്തിച്ച കാസർകോട് സ്വദേശികളായ ആൺ സുഹൃത്തുക്കളെ സെൻട്രൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.