'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ​ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്

 
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരേയുള്ള ​ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണം. മുഖ്യമന്ത്രി പോയ ശേഷമോ അതിനു മുന്‍പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇഡിയാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. 

'പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുന്നതിന് രണ്ട് ദിവസം മുൻപോ അതിനു ശേഷമോ വീണ വിജയനും അമേരിക്കയ്ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്ക്ക് മുൻപോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്ക്ക് മുൻപോ ഒരാഴ്ചയ്ക്ക് ശേഷമോ വീണയും അവിടെ എത്തിയിട്ടുണ്ട്.'

'ഇത് വലിയൊരു സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ കൊള്ള സംഘം. അതിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളും. മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇതില്‍ പങ്കാളിയാണെന്ന് ഞാന്‍ കരുതുന്നില്ല.'

'ഇത് പറയുന്നവരെയെല്ലാം ശരിപ്പെടുത്തി കളയാമെന്ന് വിചാരിക്കുന്നത് മര്യാദയാണോ. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചാണ് എന്നെ വിളിച്ചു വരുത്തിയത്. രണ്ട് മണിക്കൂറോളമെടുത്ത് അവരോട് നാട്ടുകാര്യവും തമാശയുമെല്ലാം പറഞ്ഞു. അവര്‍ തമാശ രൂപത്തില്‍ തന്നെ തെളിവെടുത്തു. ഞാന്‍ അവരോട് സഹകരിച്ചു. അവസാനം അവര്‍ക്ക് തന്നെ എല്ലാം മനസിലായി. ഞാനും സ്വപ്‌നയും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയെ രണ്ട് തവണയേ കണ്ടിട്ടുള്ളൂ. അവരുമായി എന്ത് ഗൂഢാലോചന നടത്താനാ. ഒരു മുഖ്യമന്ത്രിയെ താഴെ ചാടിക്കാന്‍ അതിന്റെ ആവശ്യമുണ്ടോ.'

'ഏഴ് പ്രാവശ്യം എംഎല്‍എയായ ആളാണ് ഞാന്‍. ഒരു ഭരണ കക്ഷിയുടെയും ആളായിട്ടില്ല. ഞാന്‍ ബഹുമാനത്തോടെ കണ്ടിരുന്നത് കെ കരുണാകരനെയും വിഎസ് അച്യുതാനന്ദനെയുമാണ്. അതല്ലാതെ ഏതെങ്കിലുമൊരു നേതാവിന്റെ പിറകെ നടക്കുന്ന ആളല്ല. ഞാന്‍ സ്വതന്ത്രനാണ്. 2016-ല്‍ എല്ലാ പാര്‍ട്ടികളും എതിര്‍ത്തിട്ടും പൂഞ്ഞാറിലെ ജനത എന്നെ ജയിപ്പിച്ചു. 2021ല്‍ വര്‍ഗീയത പറഞ്ഞ് മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ പരാജയപ്പെടുത്തിയത്.'

തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ കള്ള സാക്ഷിയുണ്ടാക്കാന്‍ ശ്രമമുണ്ട്. താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ തന്നെയും പരാതിക്കാരിയെയും കണ്ടു. ഭാര്യയെയും പ്രതിയാക്കാനാണു ശ്രമം. അതും നിയമപരമായി നേരിടും. തനിക്കതിരെയുള്ള കള്ളക്കേസുകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.


Previous Post Next Post