ഒടുവിൽ അശ്വതി വാര്യര്‍ പിടിയിൽ; റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ, നിയമനരീതി മനസിലാക്കിയത് കോച്ച് ഫാക്ടറിക്ക് സമീപം താമസിച്ച്


കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതിയായ എടപ്പാള്‍ വട്ടംകുളം സ്വദേശിനി അശ്വതി വാര്യര്‍ (38) പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള വേട്ടൈപ്പടി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോഴിക്കോട്ടുനിന്നുള്ള പ്രത്യേക അന്വേഷണസംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിനു പിന്നാലെയാണ് അശ്വതി കോയമ്പത്തൂരിലേക്ക് പോയത്.

എടപ്പാളിലെ അയല്‍വാസിയാണ് ഒളിവില്‍ക്കഴിയാനുള്ള സൗകര്യം ചെയ്തു നല്‍കിയത്. പിടിയിലാകുമ്പോള്‍ എട്ടും പതിനഞ്ചും വയസുള്ള ഇവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മക്കളെ എടപ്പാളിലെ വീട്ടിലെത്തിച്ച ശേഷം അശ്വതിയെ മുക്കം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റു പ്രതികളായ കാരശേരി വല്ലത്തായ്പാറ സ്വദേശി ഷിജു, ഇയാളുടെ സഹോദരന്‍ ഷിജിന്‍, എടപ്പാള്‍ വട്ടംകുളം സ്വദേശി ബാബുമോന്‍ എന്നിവരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റേതിനു സമാനമായ ഇമെയില്‍ വിലാസം ഉപയോഗിച്ചായിരുന്നു സംഘം വന്‍തട്ടിപ്പ് നടത്തിയിരുന്നത്. സതേണ്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ പേരിലുള്ള വ്യാജനിയമന ഉത്തരവ് വരെ ഇതിനായി തയ്യാറാക്കി നല്‍കി. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പമായിരുന്ന അശ്വതി റെയില്‍വേ കോച്ച് ഫാക്ടറിക്കു സമീപമായിരുന്നു താമസം. ഇവിടെവെച്ച് റെയില്‍വേ നിയമനരീതികളും മറ്റും മനസിലാക്കിയതിനു ശേഷമായിരുന്നു തട്ടിപ്പ്. ഇതിനിടയില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെ അശ്വതിയും മക്കളും നാട്ടിലെക്കു മടങ്ങി.

കേസില്‍ പിടിയിലായ ബാബുമോനും അശ്വതിയും ഒരുമിച്ചു പഠിച്ചവരാണ്. ഇയാള്‍ വഴിയാണ് മറ്റൊരു പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്. അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി ലക്ഷങ്ങള്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരയായവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുണ്ട്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മുക്കം സ്റ്റേഷനില്‍ മാത്രമാണ്.

ആദ്യകാലത്ത് നാല്‍പതിനായിരം രൂപയായിരുന്നു ഇവര്‍ വാങ്ങിയിരുന്നത്. പിന്നീട് തുക വര്‍ധിപ്പിച്ചു. നാല് ലക്ഷം രൂപ വരെ ഒരാളില്‍ നിന്ന് വാങ്ങിയതായാണ് വിവരം. ബന്ധുക്കള്‍ മുഖേനയാണ് പലരും പണം നല്‍കിയിട്ടുള്ളത്. അതിനാല്‍ ബന്ധുക്കള്‍ക്കെതിരേ രേഖാമൂലം പരാതി നല്‍കാന്‍ പലരും മടിക്കുകയാണ്. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് പണം നല്‍കിയ ആറുപേരെ നേരിട്ടുകണ്ട് കാര്യം അന്വേഷിച്ചിരുന്നു. എന്നാല്‍ ഇവരാരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

ആദ്യഘട്ടത്തില്‍ പണം നല്‍കിയ ചിലര്‍ക്ക് വിശ്വാസ്യത സൃഷ്ടിക്കുന്നതിനായി 35,000 രൂപ നിരക്കില്‍ ശമ്പളമായി പ്രതികള്‍ നല്‍കിയിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ പണം നല്‍കിയവര്‍ക്ക് ഇങ്ങനെ തുക നല്‍കിയിരുന്നില്ല. കബളിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മുക്കം ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ അനില്‍ കുമാര്‍ സിപിഒമാരായ റഷീദ്, ജയന്തി, റീജ, ബിജു എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി പിടിയിലായ സാഹചര്യത്തില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.


Previous Post Next Post