ഒന്നും സംഭവിക്കണമെന്ന് വിചാരിച്ചില്ല, പക്ഷേ അത് ഏറ്റു; പിസി തകർന്നു പോകാതിരിക്കാനാണ് കൊന്തയിൽ മുറുകെ പിടിച്ചതെന്ന് ഉഷ

 


കോട്ടയം: സാംസ്കരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ വിവാദ പരാമർശത്തെതുടർന്ന് രാജിവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഒരു "ശാപവാക്ക്" ചർച്ചയായിരുന്നു. മുൻ എംഎൽഎ പി സി ജോർജിന്‍റെ ഭാര്യ ഉഷ ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ശാപവാക്കുകൾ ഫലിച്ചെന്ന തരത്തിലായിരുന്നു ഈ പ്രതികരണങ്ങൾ. ഉഷ ജോർജിന്‍റെ പ്രതികരണം ട്രോളുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോഴിതാ താൻ പറഞ്ഞ വാക്കുകളെക്കുറിച്ചും സോഷ്യൽ മീഡിയ പ്രതികരണങ്ങളെക്കുറിച്ചും ഉഷ ജോർജ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല. പക്ഷേ അത് ഏറ്റു എന്നാണ് ഉഷ പറയുന്നത്. മനോരമ ന്യൂസിനോടാണ് പ്രതികരണം.

‘‘ട്രോളുകളൊക്കെ കാണുന്നുണ്ടായിരുന്നു. മാതാവിന്‍റെ കൊന്തയെക്കുറിച്ച് ഇങ്ങനെ മോശമായി പറയുന്നത് ഒത്തിരി വിഷമമുണ്ടാക്കി. മുഖ്യമന്ത്രിയെ വെടിവെക്കും എന്ന് പറയാൻ പാടില്ലായിരുന്നെന്ന വിഷമമുണ്ട്. അതല്ലാതെ വിഷമമില്ല. എല്ലാം അപ്പോൾ വന്ന് പോയതാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല. പക്ഷേ അത് ഏറ്റു. എല്ലാവരും പറയുന്നത് അതാണ്. എന്‍റെ ദുഃഖം ആയിരിക്കാം അത്. അല്ലാതെ പുള്ളിക്ക് അങ്ങനെ സംഭവിക്കുമെന്നും സംഭവിക്കണമെന്നും ഒന്നും ഓർത്തില്ല. അവിടെ നിന്ന ആളുകൾ മുഴവൻ പറഞ്ഞു. ചേച്ചീ.. ചേച്ചിയുടെ പ്രാർഥനയാണെന്ന്." ഉഷ ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു.

പിസി ജോർജിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കുകയാണ്. കൊല്ലാതെ കൊല്ലുകയാണ് ചെയ്യുന്നതെന്നും ഉഷ ജോർജ് വിമർശിച്ചു. 'ഇങ്ങനെ പറഞ്ഞ് പറഞ്ഞ്, പുള്ളിയെ മാനസികമായി തകർക്കുകയല്ലേ. അതിനാണ് ഞങ്ങൾ കൊന്ത ചൊല്ലുന്നത്. തകരാതെ നിൽക്കണ്ടേ' ഉഷ ചോദിക്കുന്നു. പി സി ജോർജിനെ തകർക്കാനാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്. അദ്ദേഹം തകർന്നു പോകാതിരിക്കാനാണ് ഞങ്ങൾ കൊന്തയിൽ മുറുകെപ്പിടിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

നേരത്തെ പീഡന പരാതിയിൽ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉഷ ജോർജ് രൂക്ഷവിമർശനം ഉന്നയിച്ചത്. ‘എന്‍റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കു’മെന്നായിരുന്നു ഉഷയുടെ വാക്കുകൾ. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Previous Post Next Post