മുഖം മിനുക്കി വാട്സ്‌ആപ്പ്'; സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയം നീട്ടിയത് ഉള്‍പ്പടെ പുതിയ ഫീച്ചറുകള്‍

ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ കൂടുതല്‍ ഫീച്ചറുകളുമായി വാട്സ്‌ആപ്പ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയം നീട്ടിയിരിക്കുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റഫോമായ വാട്സ്‌ആപ്പ്. പ്രാരംഭഘട്ടത്തില്‍ ചില നിര്‍ദിഷ്ട ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാകും ഈ സേവനം തുറന്നുകൊടുക്കുക എന്നും വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ മാറ്റങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന വെബ്‌സൈറ്റായ വാബ് ബീറ്റഇന്‍ഫോ റിപ്പോര്‍ട്ടുചെയ്തു.

എല്ലാ വാടസ്‌ആപ്പ് ഉപയോക്താക്കള്‍ക്കും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഇതുവരെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് ആയിരുന്നു. എന്നാല്‍ പരിഷ്കരിച്ച സേവനം ലഭ്യമാകുന്നതോടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള പരിധി 2 ദിവസവും 12 മണിക്കൂറുമായി മാറും. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ടും വെബ്‌സൈറ്റ് പുറത്തുവിട്ടു. ഈ ഫീച്ചര്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗ്രൂപ്പിലെത്തുന്ന ഏത് സന്ദേശവും ഡിലീറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിനെ അനുവദിക്കുന്നതും പുതിയ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഈ സൗകര്യങ്ങളെല്ലാം തന്നെ വാട്സ്‌ആപ്പിന്റെ പുതുക്കിയ പതിപ്പിലൂടെ എല്ലാ ഉപയോക്താക്കളിലേക്കുമെത്തും. എന്നാല്‍ ഇതു സംബന്ധിച്ച കൃത്യമായ തീയതി വ്യക്തായിട്ടില്ല.ഒരു കോളില്‍ നിര്‍ദ്ദിഷ്‌ട ആളുകളെ നിശബ്ദമാക്കാനും, പ്രത്യേകം ചില ഉപയോക്താക്കളോട് മാത്രമായി സന്ദേശമയക്കാനുമുള്ള സൗകര്യം അടുത്തിടെ വാട്സ്‌ആപ്പ് പുറത്തിറക്കിയിരുന്നു. ​ഗ്രൂപ്പ് കോളിന്റെ അടിയിലായി കോളിലുള്ളവര്‍ക്കും, പുതുതായി പങ്കെടുക്കുന്നവര്‍ക്കും അത് സൂചിപ്പിക്കുന്ന സൗകര്യവും വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു.
Previous Post Next Post