'പിണറായി വിജയന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍; വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം': പി സി ജോര്‍ജ്





പി സി ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും സാമ്പത്തിക ഇടപാടുകളുടെ കുറിച്ച് താന്‍ പറയുമെന്ന് ഭയന്നാണ് അറസ്റ്റ് ചെയ്തതെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 

'കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെ വില്ലന്‍ പിണറായി വിജയന്‍ മാത്രമല്ല. പിണറായി വിജയന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബുബക്കര്‍ ആണ്. ഫാരിസ് അബുബക്കറും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന പറഞ്ഞുകൊണ്ടിരിക്കുന്നത്. 

2012മുതല്‍ പിണറായി വിജയന്റെ രാഷ്ട്രീയത്തെയും നിക്ഷേപങ്ങളും നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍ ആണ്. 2016വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ അതിന് ശേഷം അമേരിക്കയിലാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും തയ്യാറാകണം. 

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മകളുടെ കമ്പനിയായ എക്‌സാലോജിക്ക് വഴിയാണ് നടന്നതെന്ന് സംശയിക്കുന്നു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍. വീണാ വിജയന്റെ ഐടി കമ്പനിവഴിയാണ് പണമിടപാട് നടന്നത്. അഴിമതിപ്പണം അമേരിക്കയില്‍ എത്തുന്നതിന്റെ മുഴുവന്‍ ഇടനിലക്കാരി വീണാ വിജയന്‍ ആണെന്ന് സംശയിക്കുന്നു. വീണാ വിജയന്റെ അമേരിക്കയിലും യുഎഇയിലുമുള്ള ഇടപാടുകള്‍ അന്വേഷിക്കണം. വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഇതിനെയെല്ലാം അദ്ദേഹെ തച്ചുടച്ചേനെ.പിണറായി വിജയന്‍ മാത്രമല്ല, ഭാര്യയും മകളും ഒക്കെ പ്രതികളാണ്.'-പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും പി സി ജോര്‍ജ് പറഞ്ഞു. 'നിരപരാധിയായ എന്നെ പൊലീസ് പിടിച്ചുകൊണ്ടുവന്ന മനപ്രയാസത്തോടെ വരുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സങ്കടം പറയുന്നതിനിടെ, ഒരു കൊച്ചനുജത്തിയോട് സ്‌നേഹമില്ലാത സംസാരിച്ചു. അതില്‍ ദുഖമുണ്ട്. ആ കൊച്ചനുജത്തിയോട് ക്ഷമ ചോദിക്കുന്നു. കാരണം കൊച്ചു പെണ്‍കുട്ടിയല്ലേ. ഈ കൊച്ചുപെണ്‍കുട്ടിയെ പോലെ കണ്ട ഒരാളാണ് എനിക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുന്നത്. എന്റെ ഫീലിംഗ്‌സ് മനസ്സിലാക്കണം.'- പി സി ജോര്‍ജ് പറഞ്ഞു. 


Previous Post Next Post