'കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോ', സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി മൊബൈല്‍ തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍




 
തൃശൂര്‍: ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. എടതിരിഞ്ഞി എടച്ചാലില്‍ വീട്ടില്‍ സാഹിലി(25)നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ലിഫ്റ്റ് കിട്ടിയ രണ്ട് ചെറുപ്പക്കാരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഒരേ രീതിയില്‍ കവര്‍ന്നത്. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലും കെഎസ്ആര്‍ടിസി റോഡിലുമായിരുന്നു സംഭവം.
ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്നും ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോയെന്നും ചോദിച്ച് സ്‌കൂട്ടര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തും. യാത്രക്കാരന്‍ പിറകില്‍നിന്നിറങ്ങി വിളിക്കാന്‍ ഫോണ്‍ നല്‍കും. അവരുടെ ശ്രദ്ധതിരിയുന്ന തക്കംനോക്കി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് രീതിയെന്നും പൊലീസ് പറയുന്നു.

സിസിടിവി ക്യാമറകളില്‍നിന്ന് പ്രതിയുടെ സഞ്ചാരവഴികള്‍ മനസ്സിലാക്കിയാണ് പിടികൂടിയത്. ബുധനാഴ്ച യാത്രക്കാരെപ്പോലെ പൊലീസ് മഫ്തിയില്‍ വഴിയരികില്‍ കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂട്ടര്‍ നിര്‍ത്തിയ മോഷ്ടാവിനെ റോഡിന് ഇരുവശവും നിന്ന പൊലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും മോഷ്ടിച്ച ഫോണുകള്‍ കടകളില്‍ വില്‍ക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.


Previous Post Next Post