തിരുവനന്തപുരം: വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ നിന്നും കാണാതായ ചന്ദന വിഗ്രഹങ്ങള്‍ കണ്ടെത്തി. പരുത്തിപ്പള്ളി റേഞ്ച് ഓഫിസ് വളപ്പില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിക്കു സമീപം കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍നിന്നു വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്‌ട്രോങ് റൂമില്‍ നിന്ന് കാണാതായ ചന്ദന വിഗ്രഹങ്ങള്‍ പൊടുന്നനെ റേഞ്ച് പരിസരത്തു നിന്നു ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരാപണവും ഉയര്‍ന്നിട്ടുണ്ട്. കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ചന്ദന വിഗ്രഹങ്ങള്‍ കാണാതായെന്ന് റേഞ്ച് ഓഫീസര്‍ ഷാജി പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തി രേഖകളുടെ പകര്‍പ്പ് കൊണ്ട് പോകുകയും ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണവും നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് 9 ഗണപതി വിഗ്രഹങ്ങളും 1 ബുദ്ധ പ്രതിമയും ചന്ദന ചീളുകളും പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ ജീവനക്കാര്‍ കണ്ടത്തിയതെന്നു അധികൃതര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. പരുത്തിപ്പള്ളി റേഞ്ചാഫീസിലെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും മുറികളും വിശദമായി അരിച്ചുപെറുക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടന്ന് കരുതിയ ചന്ദന വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
2016 ലാണ് ചന്ദന വിഗ്രങ്ങളുമായി പ്രതിയെ പിടികൂടി വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പരുത്തിപള്ളി ഓഫിസില്‍ സൂക്ഷിക്കുകയും ചെയ്തത്. തുടര്‍ന്ന് 2019ല്‍ കേസിന്റെ വാദം ആരംഭിച്ചു ഈ സമയം കോടതിയില്‍ ഹാജരാക്കാനായി തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറി തുറന്നപ്പോള്‍ കേസില്‍ ഉള്‍പ്പെട്ടവ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.
പരുത്തിപ്പള്ളി റേഞ്ചാഫീസില്‍ കാണാത്തത് കൊണ്ടു വനംവകുപ്പിന്റെ ഹെഡ് ഓഫീസ് ആയ എസ്റ്റേറ്റ് ഓഫീസ് സ്ട്രോങ് റൂമില്‍ ആകുമെന്ന് കരുതി അവിടെയും പരിശോധന നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ആദ്യവിവരം. ഇതിനിടെ കോടതിയില്‍ നിലവിലുള്ള കേസില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ വനം മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശവും നല്‍കി. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുന്‍ റേയ്ഞ്ച് ഓഫീസമാരായ ദിവ്യ എസ്.എസ് റോസ്, ആര്‍.വിനോദ് എന്നിവര്‍ക്കെതിരെ നടപടിയ്ക്കും നിര്‍ദ്ദേശമുണ്ടായി.
ബുധനാഴ്ച വനം വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന പഴയ ഇരുമ്പ് പെട്ടിക്കുള്ളില്‍ നിന്നും ഇവ കണ്ടെത്തിയതെന്ന് കാട്ടാക്കട എസ്.ഐ. സുനില്‍ ഗോപി പറഞ്ഞു. 2016- ല്‍ വനം വകുപ്പ് മുട്ടത്തറ സ്വദേശിയില്‍ നിന്നും കണ്ടെടുത്ത 14 സെന്റീമീറ്റര്‍ നീളമുള്ള ഗണപതിയും, ബുദ്ധനും ഉള്‍പ്പെടെ ഒന്‍പത് വിഗ്രഹങ്ങളും, രണ്ട് ചന്ദന മുട്ടികളും, 250 ഗ്രാം ചന്ദന ചീളുകളും ആണ് കിട്ടിയത്. വനം വകുപ്പ് വിവരം അറിയിച്ചതനുസരിച്ച് കാട്ടാക്കട പോലീസ് പരുത്തിപ്പള്ളി വനം ഓഫീസിലെത്തി സാധനങ്ങള്‍ തരം തിരിച്ച് മഹസര്‍ തയ്യാറാക്കി. അടുത്ത ദിവസം ഇവ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഡിഎഫ്ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് തുടര്‍ നടപടി സ്വീകരിക്കും.
അതേസമയം, തൊണ്ടി മുതല്‍ അപ്രത്യക്ഷമായതും പൊലീസ് കേസാകുകയും രണ്ട് റേഞ്ച് ഓഫിസര്‍മാര്‍ സസ്‌പെന്‍ഷനില്‍ ആകുകയും ചെയ്തതിനു പിന്നാലെ കാണാതായ തൊണ്ടി മുതല്‍ എങ്ങനെ സ്‌ട്രോങ് റൂമിനു സമീപം പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ചും അന്വേഷണം ഉണ്ടാകും. വനം വകുപ്പിലെ ചേരിപ്പോരും ചിലരെ തിരഞ്ഞു പിടിച്ച് ഒതുക്കാനും സ്ഥാനക്കയറ്റം തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമുള്ള സംശയവും ഉയര്‍ന്നിട്ടുണ്ട്.