ലഹരി ഉപയോ​ഗിച്ച് സാഹസിക ഡ്രൈവിം​ഗ്, നടിയും സുഹൃത്തും പിടിയിൽ, വാഹനങ്ങള്‍ ഇടിച്ചിട്ടു


കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച് നാട്ടുകാരെ ഭയപ്പെടുത്തിയ സീരിയൽ നടിയും സുഹൃത്തും കസ്റ്റഡിയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സീരിയൽ നടി അശ്വതി ബാബുവും സുഹൃത്തായ നൗഫലുമാണ് പിടിയിലായത്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അശ്വതി നേരത്തെയും പോലീസ് പിടിയിലായിട്ടുണ്ട്. അമിത വേഗതയിൽ വാഹനം ഓടിച്ചെത്തിയ ഇവർ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും സാഹസിക ഡ്രൈവിംഗ്. തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ നാട്ടുകാർ കൂടി ഇവരുടെ വാഹനം തടയാൻ ശ്രമിച്ചു. ഇതോടെ വാഹനം വീണ്ടും അമിത വേഗതയിൽ മുന്നോട്ട് എടുക്കാൻ ശ്രമിച്ചു. എന്നാൽ കാറിന്റെ ടയർ പൊട്ടിയതോടെ ശ്രമം വിഫലമായി. വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തൃക്കാക്കര പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വാഹനം മുന്നോട്ടും പിന്നോട്ടുമെടുത്ത് തടസം സൃഷ്ടിച്ചതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതിനിടെ പല വാഹനങ്ങളിലും ഇവരുടെ കാർ തട്ടിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. പിന്നാലെ വന്ന ഒരാൾ വാഹനം വട്ടം വെച്ച് തടഞ്ഞുനിർത്തിയെങ്കിലും വെട്ടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാറിന്റെ ടയർ പൊട്ടിയതോടെ ഇരുവരും നാട്ടുകാരുടെ പിടിയിലായി. 2018ൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അശ്വതി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ഫ്‌ലാറ്റില്‍ നിന്നായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി ബാബു.

Previous Post Next Post