തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസിന്റെ നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്. ആര്‍എസ്എസ് പ്രാന്തസംഘചാലക് കെ കെ ബലറാം ആണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ആര്‍ര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു വി ഡി സതീശന്റെ പ്രസ്താവന. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു.
സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണം. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നോട്ടീസ് കിട്ടി 24 മണിക്കൂറിനകെ നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ അറിയിച്ചത്.