തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കണ്ടുമടങ്ങുന്നതിനിടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ യുവാവ് കടലില്‍ ചാടിയെന്ന് സംശയം. നരുവാമൂട് സ്വദേശിയായ കിരണ്‍ എന്ന യുവാവിനെയാണ് കാണാതായത്. കിരണിനായി ആഴിമലയില്‍ തെരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. പെണ്‍കുട്ടിയെ കണ്ടതിന് ശേഷം കിരണ്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മടങ്ങുന്നതിനിടെ വീടിന് മുമ്പില്‍ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലുമായി ഇവരെ തട്ടികൊണ്ടുപോയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് കിരണിന്റെ സുഹൃത്ത് മെല്‍വിന്‍ പറഞ്ഞു. പെണ്‍കുട്ടിയെ കണ്ട് മടങ്ങുന്നതിനിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലുമായി എത്തി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നും ബൈക്കില്‍ കിരണിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നുമാണ് മെല്‍വിന്‍ പറയുന്നത്.
എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിരണ്‍ കടലില്‍ ചാടിയതാകാമെന്നും ഇവര്‍ പറയുന്നു. കിരണിനെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസില്‍ പരാതി നല്‍കി. അതെ സമയം ആഴിമല തീരത്ത് കിരണിന്‍റെ ചെരുപ്പ് കണ്ടെത്തി. വിഴിഞ്ഞം പോലീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് നടത്തിയ തെരച്ചിലിൽ കിരണിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ കിരണിനായി വീണ്ടും തെരച്ചിൽ നടത്തിയിരുന്നു. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കളും കിരണും തമ്മിൽ തർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.