മൂന്നു വർഷം കാത്തിരുന്ന് കൺമണി പിറന്നു; അതിന് മുമ്പ് അപകടത്തിൽ അച്ഛൻ മരിച്ചു




 
തൃശൂർ: പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. വിവാഹം കഴിഞ്ഞു മൂന്നു വർഷം കാത്തിരുന്നുണ്ടായ കൺമണി പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് ശരത്തിനെ വിധി കവർന്നത്. 

ഭർത്താവിന്റെ വിയോഗമറിയാതെ ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയിൽ കഴിയുകയായിരുന്നു. ഒടുവിൽ സിസേറിയനിലൂടെ ആൺകുഞ്ഞ് പിറന്നു. പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ ശരത്ത് പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാർ. 

ഞായറാഴ്ച വൈകിട്ടാണ് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചത്. ശരത്തിന്റെ അച്ഛനും അമ്മ ഷീലയുമായിരുന്നു ഒപ്പം. മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. 

നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലിൽ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
Previous Post Next Post