ഗവിയിൽ ഡിവൈഎഫ്ഐയുടെ 'ലൈഫ്' തട്ടിപ്പ്: എസ്റ്റേറ്റ് ലോബിയെ പഴിചാരി സിപിഎം

പത്തനംതിട്ട ഗവിയില്‍ ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിന് ലൈഫ് പദ്ധതിയില്‍ കിട്ടിയ പണം കൊള്ളയടിച്ചതിന് പിന്നില്‍ ഡിവൈഎഫ്ഐ നേതാക്കള്‍. യുവനേതാവ് 6000 രൂപയ്ക്ക് വാങ്ങിയ ഭൂമി 50,000 രൂപയ്ക്കാണ് മറിച്ച് വിറ്റത്. ഇടനിലക്കാരാണ് പണം കൈക്കലാക്കിയതെന്നാണ് സിപിഎം നിലപാട്. വഴിയില്ലാത്തതും കല്ലുകള്‍ നിറഞ്ഞതുമായ സ്ഥലമാണ് അടിച്ചേല്‍പ്പിച്ചത്.
91വീടാണ് ലൈഫ് പദ്ധതിയില്‍ ഇക്കുറി ഗവില്‍ അനുവദിച്ചത്. ഇവിടാണ് ഡിവൈഎഫ്ഐ നേതാക്കള്‍ കൊള്ള നടത്തിയതും. ലൈഫ് പദ്ധതിയിലെ പഴുതിലാണ് നേതാക്കളുടെ കൊള്ള. ഭൂമി എഴുതി വാങ്ങിയാല്‍ ഭൂ ഉടമയ്ക്ക് പഞ്ചായത്ത് പണം നല്‍കും. ഒരു ഭൂഉടമയും മുന്‍കൂര്‍ സ്ഥലം നല്കില്ല. ഈ പഴുതിലാണ് നേതാക്കള്‍ കളിച്ചത്. ആര്‍ക്കം വേണ്ടാതെ വഴിയില്ലാതെ, കല്ലു നിറഞ്ഞ സ്ഥലം ചുളു വിലയ്ക്കു വാങ്ങി. പാവപ്പെട്ട തൊഴിലാളികള്‍ക്ക് മറിച്ച് വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു. ഡിവൈഎഫ്ഐ ആങ്ങമൂഴി മേഖലാ സെക്രട്ടറി ഫെബിന്‍ കെ വര്‍ഗീസ് പെരുനാട് സബ് റജിസ്ട്രാര്‍ ഓഫിസില്‍ 1211‌ 2021ലെ ആധാര പ്രകാരം 6000 രൂപയ്ക്ക് വാങ്ങിയ ഭൂമി ഒരുമാസം തികയും മുന്‍പ് 8 11 2021ല്‍ 50000 രൂപയ്ക്ക് മറിച്ചു വിറ്റു. മറ്റൊരു ഡിവൈഎഫ്ഐ നേതാവ് അഫ്സല്‍ വാങ്ങിയ ഭൂമി സമാനമായി കൊള്ള വിലയ്ക്ക് വിറ്റു. 80 ലക്ഷത്തോളം രൂപ ഇങ്ങനെ തട്ടിയെടുത്തു എന്നാണ് ആരോപണം.  

ഭൂമി വിറ്റ ഫെബിന് 24 വയസും, അഫ്സലിന് 20 വയസുമാണ് പ്രായം. തൊഴില്‍ കോളത്തിലെ ജോലി വിവരം വിദ്യാഭ്യാസമെന്നും. എവിടെ നിന്നാണ് കച്ചവടത്തിന് പണമെന്ന ചോദ്യം ബാക്കി. ഇവരെ മുതലാക്കി റിയല്‍ എസ്റ്റേറ്റ് ലോബി കളിച്ചുവെന്നാണ് സിപിഎം നിലപാട്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആളിനെതിരെയാണ് നിലവിലെ ആരോപണങ്ങള്‍.
Previous Post Next Post