കണ്ണൂർ: കളക്ടർ അവധി പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ അധികൃതർ വൈകി അവധി പ്രഖ്യാപിച്ചത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കുഴക്കി. ഇന്ന് രാവിലെയായിരുന്നു തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. എന്നാൽ വിദ്യാർഥികളിൽ പലരും ഈ വാർത്ത അറിയാതെ സ്കൂളിലേക്ക് എത്തിയിരുന്നു.
ഇന്നലെ രാത്രി കണ്ണുർ ജില്ലാ കളക്ടർ തിങ്കളാഴ്ച്ച ജില്ലയിലെ സ്കുളുകൾ പതിവുപോലെ പ്രവൃത്തി ദിനമായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ തുടർച്ചയായ അഞ്ചു ദിവസത്തെ അവധിക്ക് ശേഷം കുട്ടികളെല്ലാം സ്കുളിലെത്തിയിരുന്നു. കനത്ത മഴയ്ക്കിടെ രാവിലെ വീട്ടിൽ നിന്നിറങ്ങി നനഞ്ഞൊലിച്ച് സ്കുളിലെത്തിയപ്പോഴാണ് അവധി പ്രഖ്യാപിച്ച വിവരം ഇവർ അറിയുന്നത്. ഇതോടെ വീട്ടിലേക്ക് തന്നെ മടങ്ങേണ്ടിയും വന്നു.
കനത്ത മഴ പെയ്യുന്നതിനിടെയുണ്ടായ ആശങ്കയ്ക്കിടെയിലാണ് രക്ഷിതാക്കൾ കുട്ടികളെ സ്കുളിലേക്ക് അയക്കാൻ തയ്യാറായത്. എന്നാൽ തളിപ്പറമ്പ് താലുക്കിൽ പലയിടങ്ങളിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിട്ടുണ്ടെന്നും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതെന്ന് തളിപ്പറമ്പ് ഡിഇഒ ഇൻ ചാർജ് കെ വി ആശാലത അറിയിച്ചു
സ്കുളിൽ കുട്ടികളും അധ്യാപകരും ജീവനക്കാരും മഴ നനഞ്ഞ് സാഹസികമായി എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട് പല സ്കൂളിലും ഉച്ചഭക്ഷണം ഉണ്ടാക്കാൻ തുടങ്ങുമ്പോഴാണ് അവധി വാർത്തയെത്തിയതെന്നാണ് റിപ്പോർട്ട്.
മഴ കനത്തു വരുന്ന സാഹചര്യത്തിൽ സ്കുളിലെത്തിയ വിദ്യാർഥികൾ എങ്ങനെ മടങ്ങിപോകുമെന്ന ആശങ്കയിലാണ്. രക്ഷിതാക്കൾ ജോലി ഒഴിവാക്കിയെത്തി ഇവരെ കൊണ്ടു പോകേണ്ട സാഹചര്യമാണുള്ളതെന്ന പരാതിയും പലരും ഉന്നയിക്കുന്നുണ്ട്.