ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു; തന്നെ അതിശയിപ്പിച്ച സ്ത്രീയായിരുന്നെന്ന് ട്രംപ്


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവാര്‍ത്ത ഡോണള്‍ഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് പുറത്തുവിട്ടത്. ഇവാനയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ്. ചെക്കൊസ്ലൊവാക്യയില്‍ ജനിച്ച ഇവാന 1970 കളിലാണ് യുഎസിലേക്ക് കുടിയേറിയത്. 1977 ല്‍ ഡോണള്‍ഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992 ല്‍ ഇരുവരും വിവാഹമോചിതരായി. ഇവാന മോഡലും സ്‌കീയിംഗ് താരവും ആയിരുന്നു. 'അവള്‍ വിസ്മയകരവും സുന്ദരിയും അതിലുപരി തന്നെ അതിശയിപ്പിച്ച ഒരു സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം അവള്‍ നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും മൂന്ന് മക്കളായിരുന്നു. ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്. ഞങ്ങള്‍ എല്ലാവരും അവളെ കുറിച്ച് അഭിമാനിക്കുന്നതു പോലെ അവള്‍ അവരെ കുറിച്ചും അഭിമാനിച്ചു. റെസ്റ്റ് ഇന്‍ പീസ്, ഇവാന', അദ്ദേഹം കുറിച്ചു.

Previous Post Next Post