സൗദി: പ്രവാസി ദമ്പതികളുടെ മതങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ ഭാര്യയ്ക്ക് പ്രത്യേക ഇഖാമ വേണമെന്ന് ജവാസാത്ത

 


റിയാദ്: പ്രവാസി ഭാര്യയുടെ മതം ഭര്‍ത്താവിന്റെതില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ ഭാര്യയ്ക്ക് സ്വന്തമായി ഇഖാമ ആവശ്യമാണെന്ന് സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത്. കുടുംബ നാഥന്റെ വിസയോടൊപ്പം കുടുംബത്തിന്റെ വിസ ചേര്‍ക്കണമെങ്കില്‍ 500 റിയാല്‍ ഫീസ് നല്‍കിയ ഭാര്യയ്ക്ക് സ്വന്തമായി ഇഖാമ സമ്പാദിക്കണമെന്ന് ജവാസാത്ത് വ്യക്തമാക്കി.

കുടുംബനാഥന്റെ വിസയിലേക്ക് ഭാര്യയെയും മക്കളെയും ചേര്‍ക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസൃതമായിരിക്കണം അപേക്ഷയില്‍ നല്‍കിയിരിക്കുന്ന പേരു വിവരങ്ങള്‍. സൗദി എംബസി നല്‍കിയ എന്‍ട്രി വിസയോ മറ്റേതെങ്കിലും നിയമപ്രകാരമുള്ള രേഖകളോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഇഖാമയോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടായിരിക്കണം. പേര് ചേര്‍ക്കേണ്ടവരുടെ കളര്‍ ഫോട്ടോ, അപേക്ഷകന്റെ ഒറിജിനല്‍ ഇഖാമ എന്നിവയും വേണം. സൗദി അറേബ്യയില്‍ വച്ച് വിവാഹം കഴിച്ച ഭാര്യയെയാണ് ഇഖാമയോടൊപ്പം ചേര്‍ക്കേണ്ടതെങ്കില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഭര്‍ത്താവിന്റേതിലേക്ക് മാറ്റണം. ഇതിനായി വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഭാര്യയുടെ പേര് ഭര്‍ത്താവിന്റെ ഇഖാമയോടൊപ്പം ചേര്‍ക്കാനാവൂ എന്നും ജവാസാത്ത് അറിയിച്ചു.

സൗദിയില്‍ വച്ച് ജനിച്ച മകനെയാണ് ഇഖാമയോട് ചേര്‍ക്കണമെങ്കില്‍ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും അതിന്റെ കോപ്പിയും കൈവശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. രാജ്യത്തെ അംഗീകൃത ആശുപത്രികളില്‍ നിന്നോ ക്ലിനിക്കുകളില്‍ നിന്നോ ഉള്ള മെഡിക്കല്‍ സര്‍ട്ടഫിക്കറ്റും ഇഖാമയോടൊപ്പം കുടുംബക്കാരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമാണെന്നും ജവാസാത്ത് അറിയിച്ചു.

Previous Post Next Post