അമ്മയോട് യാത്ര പറഞ്ഞ് കാറില്‍ നിന്നും ഇറങ്ങി ഓടിയത് മരണത്തിലേക്ക്, ലെവല്‍ ക്രോസ് മറിക്കടക്കവെ വിദ്യാര്‍ഥിനി തീവണ്ടി തട്ടി മരിച്ചു


കണ്ണൂര്‍: സ്‌കൂള്‍ യാത്രക്കിടെ റെയില്‍വെ ഗെയിറ്റ് അടച്ചതിനെ തുടര്‍ന്ന് അമ്മയുടെ കാറില്‍ നിന്നും ഇറങ്ങി ലെവല്‍ ക്രോസ് മറിക്കടക്കവെ വിദ്യാര്‍ഥിനി അബദ്ധത്തില്‍ തീവണ്ടി തട്ടി മരിച്ചു. കണ്ണൂര്‍ കക്കാട് ഭാരതീയ ഭവന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലവില്‍ നുച്ചിവയലിലെ പരേതനായ കിഷോറിന്‍റെയും ലിസിയുടെയും ഏകമകള്‍ നന്ദിത (16) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം.

കാറില്‍ സ്‌കൂള്‍ ബസ് എത്തുന്ന ചിറക്കല്‍ രാജാസ് സ്‌കൂളിന് സമീപത്തേക്ക് പുറപ്പെട്ടതായിരുന്നു നന്ദിത. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസ് വൈകിയതിനാല്‍ 7.45 ഓടെയാണ് ട്രെയിന്‍ ചിറക്കലിലൂടെ കടന്നു പോയത്. അടഞ്ഞ റെയില്‍വെ ഗെയിറ്റ് കണ്ടതിനാല്‍ കുട്ടി കാറില്‍ നിന്നിറങ്ങി അമ്മയോട് യാത്ര പറഞ്ഞ് വേഗത്തില്‍ റെയില്‍ ക്രോസ് ചെയ്യുമ്പോഴേക്കും തീവണ്ടി അടുത്തെത്തി ഇടിക്കുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ എകെജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഹോമിയോ ഡോക്ടറും ഇപ്പോള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ഓഫീസ് ജീവനക്കാരിയുമാണ് മരിച്ച നന്ദിതയുടെ അമ്മ ലിസി.

Previous Post Next Post