മധുവിനെ ചവിട്ടുന്നത് കണ്ടു'; അട്ടപ്പാടി മധു വധക്കേസിൽ നിർണായക മൊഴി വെളിപ്പെടുത്തി പതിമൂന്നാം സാക്ഷി


പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നിർണായക സാക്ഷിമൊഴി. മധുവിനെ പാക്കുളം ചവിട്ടുന്നത് കണ്ടതായാണ് പതിമൂന്നാം സാക്ഷി സുരേഷ് കോടതിയിൽ പറഞ്ഞത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും സാക്ഷി കോടതിയോട് പറഞ്ഞു. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികൾ കേസിൽ നിന്നും കൂറുമാറിയതിന് പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂലമായ പതിമൂന്നാം സാക്ഷി നിർണ്ണായക മൊഴി. ഇതുവരെ ആറ് സാക്ഷികളാണ് കേസിൽ കൂറുമാറിയത്. മൊഴി മാറ്റിയവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കിയവരാണ്. കേസിലെ പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ ഇന്ന് മൊഴി മാറ്റിയത്. തുടർന്ന് ഇയാളെ വനം വകുപ്പ് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ വാച്ചറായിരുന്നു അബ്​ദുൾ റസാഖ്. കേസിലെ പന്ത്രണ്ടാം സാക്ഷിയായ വാച്ചർ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞതിന് വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാർ കോടതിയെ അറിയിച്ചത്. പൊലീസിൻറെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു. 15ാം സാക്ഷി മെഹറുന്നീസയാണ് ഇന്നലെ കൂറുമാറിയത്. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. രണ്ട് ദിവസം മുമ്പ് പതിനാലാം സാക്ഷി ആനന്ദൻ കുറുമാറിയിരുന്നു.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂൺ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് കാരണമായതെന്ന് ആരോപിച്ച് മധുവിൻറെ അമ്മയും സഹോദരിയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ കാര്യത്തിൽ കോടതിയല്ല സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിചാരണ നിർത്തി വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോൾ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി പറഞ്ഞത്. ഇതേതുടർന്ന് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് കോടതി വിചാരണ വീണ്ടും ആരംഭിച്ചത്.
Previous Post Next Post