ക്ലാസിലിരുന്ന് ചൂളമടിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ മുടി മുറിച്ച പ്രധാനാധ്യാപികക്കെതിരെ പരാതി




 
കൊല്‍ക്കത്ത: ക്ലാസിലിരുന്ന് ചൂളമടിച്ചെന്ന് പറ‍ഞ്ഞ് പ്രധാനാധ്യാപിക വിദ്യാർത്ഥികളുടെ മുടി മുറിച്ചതായി പരാതി. ഒൻപതാം ക്ലാസ് വിദ്യാര്‍ഥികളായ ആറ് പേരുടെ മുടി മുറിച്ചെന്നാണ് ആരോപണം. കൊൽക്കത്തയിലാണ് സംഭവം. ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരെയാണ് പരാതി. ഇവർക്കെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ക്ലാസിനിടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചൂളമടിച്ചിരുന്നു. ക്ലാസെടുത്തിരുന്ന അധ്യാപിക ആരാണ് ചൂളമടിച്ചതെന്ന് ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. ഇതോടെ സംശയമുള്ള ആറ് വിദ്യാര്‍ത്ഥികളെ അധ്യാപിക പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രധാനാധ്യാപിക ചോദിച്ചിട്ടും കുട്ടികള്‍ മറുപടി പറഞ്ഞില്ല. ഇതോടെയാണ് അവർ കത്രികയെടുത്ത് ആറ് കുട്ടികളുടെയും മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് പ്രതികരിച്ചു. എന്നാല്‍ മുടി മുറിച്ചുള്ള ശിക്ഷാ രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രധാനാധ്യാപികയ്‌ക്കെതിരേ നടപടി വേണമെന്നും രക്ഷിതാവ് പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. 


Previous Post Next Post