കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്, ആടിയുലഞ്ഞ് ഗോവൻ കോൺഗ്രസ്








പനാജി: ഗോവയിൽ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൽ പ്രതിസന്ധി. പാർട്ടി യോഗത്തിൽനിന്ന് മൂന്ന് എം.എൽ.എമാർ വിട്ടുനിന്നു. കോൺഗ്രസിലെ ചില എം.എൽ.എമാർ ബി.ജെ.പിയുമായി ചർച്ച നടത്തിയതായാണ് സൂചന. അതേസമയം നിയമസഭയിൽ രണ്ടാഴ്ച നീണ്ട ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്ന് കോൺഗ്രസ് അറിയിച്ചു.

ഭരണകക്ഷിയായ ബി.ജെ.പിയാണ് കോൺഗ്രസിൽ ഭിന്നതയെന്ന അഭ്യൂഹങ്ങൾ ​പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ​​

ഈ വർഷം നടന്ന ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന ദിഗംബർ കാമത്ത് ശനിയാഴ്ച നടന്ന എം.എൽ.എമാരുടെ യോഗത്തിൽനിന്ന് വിട്ടുനിന്നതായാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ കാമത്ത് അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ചും കോൺഗ്രസ് രംഗത്തെത്തി.

നേരത്തേ ഗോവയിലെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ബി.ജെ.പിയിലേക്ക് എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോക്കൊപ്പം ഒമ്പതു എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തുമെന്നായിരുന്നു വാർത്തകൾ. തൊട്ടുമുമ്പായിരുന്നു ​ബി.ജെ.പിയിൽനിന്ന് രാജിവെച്ച് മൈക്കിൽ ലോബോയും ഭാര്യ ദെലീല ലോബോയും കോൺഗ്രസിലെത്തിയത്. എന്നാൽ, പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും എം.എൽ.എമാരെല്ലാം തങ്ങൾക്കൊപ്പമുണ്ടെന്നും കോൺഗ്രസ് അറിയിച്ചു. 


Previous Post Next Post