തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മറുപടി. കാര്യങ്ങള്‍ മനസിലാക്കാനാണ് വന്നത്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയത്തിന് മീതെ വികസനം കാണുന്നവര്‍ക്ക് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം മനസിലാകുമെന്നു ജയശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ലൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും. എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാർ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അർഥം. മോദി സർക്കാരിൽ മന്ത്രിമാർ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്സിനേഷൻ, വിദ്യാഭ്യാസം, റെയിൽവേ തുടങ്ങിയ കാര്യങ്ങളിൽ അടക്കം എല്ലാം ഒരു ടീമായി ചർച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവർക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലർ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു.
രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനുകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദർശനത്തിൽ കൂടുതൽ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികൾ വിലയിരുത്താനായിരുന്നു. വീടുകളിൽ വൈദ്യുതി വന്നതും കോളനികളിൽ പദ്ധതികൾ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കിൽ അത് അവരുടെ കാഴ്ചപ്പാടാണ്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ട്. നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സർക്കാർ നടപടിയെടുക്കും. സ്വർണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികൾ നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. ‘അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്, അവരത് ചെയ്യും’ – എസ്.ജയശങ്കർ പറഞ്ഞു. സ്വർണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചർച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.