ഭോപ്പാല്‍: മധ്യപ്രദേശില്‍ പത്തുവയസുകാരനെ മുതല വിഴുങ്ങി. ചമ്പല്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് കുട്ടിയെ മുതല ആക്രമിച്ചത്. കുട്ടിയെ മുതല പുഴയിലേക്ക് വലിച്ചു കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
ഷിയോപുറിലാണ് സംഭവം. കുട്ടിയെ വിഴുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുതലയെ പിടികൂടി. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കുട്ടി മുതലയുടെ വയറ്റില്‍ ജീവനോടെ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ വാദം. കുട്ടിയെ പുറത്തേയ്ക്ക് ഛര്‍ദ്ദിക്കുന്നത് വരെ മുതലയെ വിട്ടുകൊടുക്കില്ലെന്നായിരുന്നു നാട്ടുകാരുടെ പക്ഷം. പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഇടപെട്ടതോടെയാണ് മുതലയെ വിട്ടുകൊടുത്തത്.