ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. ഉത്തർപ്രദേശിൽ രജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസുകളിൽ ദില്ലി കോടതി ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയിൽ വച്ചതിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് സുബൈർ കോടതിയെ സമീപിച്ചത്. എഫ്ഐആർ റദ്ദാക്കാൻ തയ്യാറാകാത്ത കോടതി പകരം ആറ് കേസുകളിലും സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ദില്ലിയിൽ രജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. കേസ് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വഷണ സംഘം പിരിച്ചുവിട്ട കോടതി, ദില്ലി പൊലീസിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് വ്യക്തമാക്കി. സുബൈർ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന ഉത്തർപ്രദേശ് പൊലീസിൻറെ ഹർജി കോടതി തള്ളി. അഭിഭാഷകനോട് വാദിക്കാൻ പാടില്ല എന്ന് പറയുന്നത് പോലെയാണ് മാധ്യമപ്രവർത്തകനോട് എഴുതരുത് എന്ന് നിർദ്ദേശിക്കുന്നത് എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
2021ൽ തുടങ്ങിയ ഈ ട്വിറ്റർ ഹാൻഡിലിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി. സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ ആണ് പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു. 2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് ഓൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു.
മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. യുപിയിൽ ഹാഥ്റാസ്, സീതാപൂർ, ഗാസിയാബാദ്, ലഖീംപൂർ ഖേരി, മുസഫർനഗർ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. ഈ കേസുകളുടെ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി ഡോ. പ്രീതിന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.