ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ 'വൻ നോട്ടുശേഖരം'; പ്രധാനമന്ത്രിയുടെ വസതി തീയിട്ട സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ


കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു. ഈ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.

Previous Post Next Post