'സ്വപ്നക്കെതിരെ മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു; വിസമ്മതിച്ചതിന് കേസിൽ പ്രതിയാക്കി'- ആരോപണവുമായി ഡ്രൈവർ




 
കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി അവരുടെ ഡ്രൈവർ അനീഷ് സദാശിവൻ. സ്വപ്നയ്ക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് ഡ്രൈവർ ആരോപണം ഉന്നയിച്ചത്.

മൊഴി നൽകേണ്ട കാര്യങ്ങൾ പൊലീസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദേശം. ഇതിന് തയ്യാറായില്ലെന്നും തുടർന്നാണ് പാലക്കാട് കേസിൽ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു. 

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ഡ്രൈവർ അനീഷിനെ പൊലീസ് പ്രതി ചേർത്തിരുന്നു. 2021 ജൂലൈയിൽ നടന്ന സംഭവത്തിൽ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. 

ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷും രം​ഗത്തെത്തി. പൊലീസിന് അനുകൂലമായി രഹസ്യ മൊഴി നൽകാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസിൽ കുടുക്കിയെന്നുമാണ് ആരോപണം. ഷാജ് കിരൺ ഉൾപ്പെടെയുള്ളവരെ കേസിൽ സാക്ഷികളാക്കിയും തന്നെ സഹായിക്കുന്നവരെ പ്രതി ചേർത്തും മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്നും സ്വപ്ന ആരോപിച്ചു.

Previous Post Next Post