ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇറാനില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഗള്‍ഫ് മേഖലയില്‍ എവിടെയും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദക്ഷിണ ഇറാനില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദര്‍ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ 1.32ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം യുഎഇയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ യുഎഇയിലെ മിക്കയിടത്തും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇക്കാര്യം ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തേക്കോടി. ഭയന്ന് വീടുവിട്ടിറങ്ങി. വിളക്കുകളും ഉപകരണങ്ങളും ഇളകാന്‍ തുടങ്ങിയതോടെയാണ് പലരും പേടിച്ച് കെട്ടിടങ്ങള്‍ വിട്ട് ഇറങ്ങിയോടിയത്. താമസ ഇടങ്ങളിലെ സീലിംഗ് വിളക്കുകളും പാത്രങ്ങളും മറ്റും ഭൂകമ്പത്തില്‍ അനങ്ങുന്നതിന്റെ ദൃശ്യങ്ങളും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. യുഎഇയില്‍ ദുബായ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായി.
പ്രാദേശിക സമയം പുലര്‍ച്ചെ 1.32നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയില്‍ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ 2.43നും 3.13നും റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എവിടെയും കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.