നമ്മുടെ നാടും എന്തുകൊണ്ട് മനോഹരമാക്കിക്കൂടാ... വേറിട്ട ചിന്തയുമായി ഓട്ടോതൊഴിലാളികള്‍


തിരുവനന്തപുരം: കാടും നാടും തമ്മില്‍ സമ്മേളിക്കുന്ന ചെറുപട്ടണമായി അനുദിനം പരിണമിക്കുന്ന നെടുമങ്ങാട് ആര്യനാട് കുറ്റിച്ചല്‍ ജംഗ്ഷന്‍റെ കഥയാണിത്. പാറശാലയില്‍ നിന്നാരംഭിച്ച് ഷൊര്‍ലക്കോട് വരെ നീളുന്ന മലയോര ഹൈവേ കടന്നു പോകുന്ന ജംഗ്ഷന്‍. കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം, നെയ്യാര്‍ ഡാം, പൊന്‍മുടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാമാര്‍ഗം. സ്വദേശികളും വിദേശികളുമായി ധാരാളം ടൂറിസ്റ്റുകള്‍ ദിനവും ഇതുവഴി കടന്നു പോകുന്നു. അത്രയേറെ യാത്രാ പ്രധാന്യമുള്ള കുറ്റിച്ചല്‍ ജംഗ്ഷനിലെ പാതയ്ക്കിരുവശവുമാണ് നാട്ടിന്‍ പുറത്തെ നന്മയില്‍ വിടര്‍ന്ന പൂക്കളും ചെടികളും കൊണ്ട് സമ്പന്നമായത്.

പ്രധാന പാതയ്ക്ക് ഇരു വശത്തെയും നടപാതയിലെ ഇരുമ്പ് വേലികളിൽ ഓര്‍ക്കിട് ഉള്‍പ്പെടെയുള്ള മനോഹരമായ ചെടികള്‍ നട്ടുപരിപാലിച്ച് കമനീയമായി അലങ്കരിച്ച് പരിപാലിച്ച് പോരുകയാണ്. കുറ്റിച്ചല്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഈ മാതൃകാ സംരംഭത്തിന് പിന്നില്‍. വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള വീഡിയോ കണ്ടാണ് എന്ത് കൊണ്ട് നമ്മുടെ നാടും അത്തരത്തില്‍ മനോഹരമാക്കിക്കൂടാ എന്ന ആശയം ഉദിച്ചതെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സമീപ ജംഗ്ഷനുകളിലും ഇത്തരം നല്ല ദൗത്യങ്ങള്‍ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറഞ്ഞു.

Previous Post Next Post