ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമെന്ന് സനത് ജയസൂര്യയും കുമാർ സംഗക്കാരയും; ശ്രീലങ്ക – ഓസ്ട്രേലിയ ടെസ്റ്റിനിടെ പ്രതിഷേധം


ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നിൽക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. ശ്രീലങ്ക- ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ പ്രതിഷേധം നടന്നു. പ്രതിഷേധവുമായി കാണികൾ എത്തി. ഗാലെ സ്‌റ്റേഡിയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്.ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര കൊളംബോയിലെ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവച്ചു: “ഇത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണ്.” എന്ന കുറിപ്പോടെയാണ് വിഡിയോ.

പ്രക്ഷോഭവുമായി ജയസൂര്യ രണ്ട് ട്വീറ്റുകള്‍ കുറിച്ചു. ”എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും.”

”സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.” രണ്ടാമത്തെ ട്വീറ്റ്

ശ്രീലങ്ക ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിൽ വലിയ പ്രതിഷേധങ്ങൾ നടന്നു , ആയിരക്കണക്കിന് ആളുകൾ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പുറത്ത് മാർച്ച് ചെയ്തു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ശനിയാഴ്ച കൊളംബോ തലസ്ഥാനത്ത് വലിയ പ്രകടനങ്ങൾ നടത്താൻ നേരത്തെ പദ്ധതിയിട്ടിരുന്നു.

Previous Post Next Post