പാലക്കാട്ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയെന്ന പരാതിയില്‍ പ്രതികരണവുമായി എസ്എഫ്‌ഐ നേതാക്കള്‍. യാതൊരു വാഗ്ദാനം നല്‍കിയിട്ടല്ല വിദ്യാര്‍ഥികളെ പ്രകടനത്തിന് കൊണ്ടുപോയത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വീഡിയോ ചിത്രീകരണത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകയെ ചിലര്‍ കയ്യേറ്റം ചെയ്‌തെന്നും നേതാക്കള്‍ ആരോപിച്ചു.
📌എസ്എഫ്‌ഐ പ്രതികരണം: ''എന്തെങ്കിലും വാഗ്ദാനം കൊടുത്തിട്ട് അല്ല എസ്എഫ്‌ഐ കുട്ടികളെ കൊണ്ടുപോയത്. പത്തിരിപ്പാല എത്തി കുട്ടികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം വാങ്ങി നല്‍കാന്‍ ഭാരവാഹികള്‍ ഇറങ്ങി ഹോട്ടലിലേക്ക് കയറാന്‍ നില്‍ക്കുമ്പോഴാണ് ചിലര്‍ വന്ന് മനപൂര്‍വ്വം പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ബിരിയാണി കൊടുത്ത് എസ്എഫ്‌ഐ കുട്ടികളെ പരിപാടിക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ വസ്തുത എന്താണെന്ന് അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.'' ''വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മാര്‍ച്ചിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എസ്എഫ്‌ഐക്കില്ല. പ്രദേശത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ യൂണിറ്റാണ് പത്തിരിപ്പാലത്തേത്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. യാതൊരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ല. മാര്‍ച്ച് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു. വന്ന താല്‍പര്യമുള്ള വിദ്യാര്‍ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കുകയാണ് ഉണ്ടായത്
രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ ഭാഗമാക്കുന്നത്. എസ്എഫ്‌ഐയോട് താല്‍പര്യമുള്ളവരെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നു. എസ്എഫ്‌ഐയെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചരണം രാഷ്ട്രീയ താല്‍പര്യത്തോടെ ചിലര്‍ നടത്തുന്നത്. രാഷ്ട്രീയമുള്ളവരുടെ മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും അതിന്റെ ഭാഗമായാണ് ബൈറ്റ് അടക്കം പുറത്തുവന്നത്.''''ഇന്നലെ എസ്എഫ്‌ഐക്കാരെ ആക്രമിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഇതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല. ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.'' ഇന്നലെ എസ്എഫ്‌ഐ നടത്തിയ പാലക്കാട് കളക്‌ട്രേറ്റ് മാര്‍ച്ചിനാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്. പത്തിരിപ്പാലയില്‍ നിന്നും പോയ സംഘത്തില്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍കൊപ്പം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകരുടെയോ, തങ്ങളുടെയോ അനുവാദമില്ലാതെ വിദ്യാര്‍ത്ഥികളെ പരിപാടിക്ക് കൊണ്ടുപോയെന്നാണ് പരാതി. മങ്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്