ആരാണ് ഋഷി സുനാക്ക്? ബോറിസിനു പകരം ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ?


ലണ്ടൻ: ബോറിസ് ജോൺസൻ പടിയിറങ്ങിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജന്റെ വരവിന് വഴി തെളിയുന്നു. ബോറിസ് ജോൺസന്റെ പടിയിറക്കത്തിനു കാരണമായ രാജി പരമ്പരയ്ക്ക് തുടക്കം കുറിച്ച ഋഷി സുനാക്ക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. വിജയിച്ചാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42 കാരനായ ഋഷി സുനാക്ക്. 

2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോൺസൺ നിയമിച്ചത്. കൊവിഡ് കാലത്ത് ബിസിനസുകാർക്കും സാധാരണക്കാർക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികൾക്ക് ജനപിന്തുണ ലഭിച്ചിരുന്നു. പഞ്ചാബിൽ നിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.

ആരാണ് ഋഷി സുനാക്ക്?

ഫാർമസിസ്റ്റായ അമ്മയ്ക്കും നാഷ്ണൽ ഹെൽത്ത് ജനറൽ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്. ഓക്സ്ഫോർഡിൽ നിന്നും സ്റ്റാൻഫോർഡിൽ നിന്നുമാണ് വിദ്യാഭ്യാസം. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്ക എന്നിവർ മക്കളാണ്.

റിച്ച്മണ്ട് യോക്ക്ക്ഷെയറിൽ നിന്നും 2015-ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനായി. കൂടാതെ 'ബ്രെക്സിറ്റി'നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി സുനാക്ക്.

കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴിൽ നിലനിർത്താൻ പദ്ധതികൾ ആവിഷ്കരിച്ചത് വൻ സ്വീകാര്യത നേടിക്കൊടുത്തു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ ഓഫീസുകളിൽ പാർട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തിൽ ലണ്ടൻ പോലീസ് സുനാക്കിനെതിരെ കേസെടുത്തിരുന്നു.

ഇന്ത്യക്കാരിയായ ഋഷിയുടെ ഭാര്യ അക്ഷത മൂർത്തിയുടെ ടാക്സ് വിവാദവും ഋഷിക്ക് തിരിച്ചടിയായി. ഐടി കമ്പനികളിൽ ഷെയറുകളുള്ള അക്ഷത ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നും ബ്രിട്ടനിൽ ടാക്സ് അടയ്ക്കുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

പാകിസ്ഥാൻ വംശജനായ ആരോഗ്യ മന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവെച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നതും ഇയാളെത്തന്നെ സർക്കാരിന്റെ പ്രധാന സ്ഥാനത്തേക്ക് നിയമിച്ചതുമാണ് മന്ത്രിമാരെ അതൃപ്തരാക്കിയത്. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്ക്.

Previous Post Next Post