തളിപ്പറമ്പില്‍ സംഘര്‍ഷം: മുഖംമൂടി സംഘ അക്രമത്തിനു പിന്നാലെ മുസ്ലിം ലീഗ് ഓഫീസ് അഗ്നിക്കിരയാക്കി




പ്രതീകാത്മക ചിത്രം 

തളിപ്പറമ്പ് : തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് അഗ്നിക്കിരയാക്കി. ഇന്നലെ രാത്രി കാര്‍ ആക്രമിച്ച് മരവ്യവസായി ദില്‍ഷാദിനേയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജന.സെക്രട്ടെറിയും സി.പി.എം പ്രവര്‍ത്തകനുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം മര്‍ദ്ദിച്ചിരുന്നു. ഇവര്‍ രണ്ടുപേരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതിന് പിന്നാലെയാണ് കുറ്റിക്കോലിലെ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനിശിച്ചു. അകത്തുണ്ടായിരുന്ന ടി.വി.ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മറ്റിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണങ്ങളേയും ഓഡിറ്റ് റിപ്പോര്‍ട്ടിനേയും കുറിച്ച് മുസ്ലിംലീഗും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയും തമ്മില്‍ വാക്‌പോര് തുടര്‍ന്നുവരികയായിരുന്നു.

വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പരിധിവിട്ട ചര്‍ച്ചകളും പോര്‍വിളികളും തുടര്‍ന്നുവരുന്നതിനിടെയാണ് സംഭവം.
ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയായാണ് ഈ അക്രമണത്തെ കാണാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post