രാജസ്ഥാനില്‍ നിന്ന് പെൺകുട്ടികളെ എത്തിച്ച സംഭവം: പാസ്റ്റർ അറസ്റ്റിൽ







കോഴിക്കോട്:
രാജസ്ഥാനില്‍ നിന്ന് എറണാകുളത്തേക്ക് പെണ്‍കുട്ടികളെ കടത്തികൊണ്ടുവന്ന സംഭവത്തില്‍ സ്വതന്ത്ര പെന്തക്കോസ്ത് ചർച്ച് പാസ്റ്റർ അറസ്‌റ്റില്‍.

 പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്‌ടര്‍ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഓഖ – എറണാകുളം എക്‌സ്‌പ്രസ്സില്‍ കൊണ്ടുവരികയായിരുന്ന 12 പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് ഇന്നലെ പിടികൂടുകയായിരുന്നു. ഇടനിലക്കാരായ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്‌തത്.

മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തത്. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് ഇന്നലെ കേസെടുത്തത്. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ രക്ഷിതാക്കളാണെന്ന് ബോദ്ധ്യപ്പെട്ടു.

ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 12 കുട്ടികളേയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.


Previous Post Next Post