കൊച്ചി: ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതിയ ഡയറിയിലെ വരികൾ പുറത്ത്. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡയറിയിൽ ഉള്ളത്. സഞ്ജുവിനെതിരെ ഡയറിയിൽ കുറിപ്പ് എഴുതിയ ശേഷമാണ് ഏപ്രിൽ 25ന് ശ്യാമിലി ആത്മഹത്യ ചെയ്യുന്നതെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഞാൻ എന്തിന് മരിക്കണം, അയാൾ എന്താണ് എനിക്ക് നല്ലത് ചെയ്തതെന്നാണ് ഇടപ്പള്ളി പോണേക്കര സ്വദേശി ശ്യാമിലി കുറിപ്പിൽ ചോദിക്കുന്നത്.
തന്‍റെ മുന്നിൽ വച്ച് തന്‍റെ ഫ്രണ്ടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. നിർബന്ധിച്ച് കള്ള്, ബിയർ കഞ്ചാവ് തുടങ്ങിയവ അടിപ്പിച്ചെന്നും ശ്യാമിലിയുടെ ഡയറിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഡയറിയിൽ 18 പേജിലേറെ ഭർത്താവിൽ നിന്നും വീട്ടുകാരിൽനിന്നുമുണ്ടായ പീഡനങ്ങൾ വിവരിക്കുന്നുണ്ട്. ശ്യാമിലി മരിക്കുന്നതിന് ഒരു മാസം മുന്നേ എഴുതിയതാണ് ഡയറിയിലെ വാക്കുകളെന്നാണ് സഹോദരി ഷാമിക പറയുന്നത്.
'എന്‍റെ മുന്നിൽ വച്ച് എന്‍റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ച് വിളിച്ചുവരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ച് കള്ള്, ബിയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും. വൃത്തിക്കേടുകൾ പറയിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ച് ചോദിച്ച് സഞ്ജുവിനോട് വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.' ഡയറിയിലുള്ളതായി മനോരമ റിപ്പോർട്ട് ചെയ്തു.
തന്‍റെ പേരിൽ ഫേസ്ബുക്ക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും ഡയറിയിൽ ആരോപിക്കുന്നുണ്ട്. ശ്യാമിലി ജീവനൊടുക്കുന്നതിന് മുന്നേ എഴുതിയ ഈ ഡയറി പോലീസിന് കൈമാറിയിരുന്നു. പക്ഷേ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്‍റ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. ഇതിന് പിന്നാലെ തന്നെ മരണം ഭർത്താവിന്‍റെ കുടുംബത്തിന്‍റെ സ്ത്രീധന പീഡനത്തെതുടർന്നാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. നാല് വർഷം മുന്നേയായിരുന്നു ഇവരുടെ വിവാഹം. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്യുമായിരുന്നെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.