കൊച്ചി: ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി. പത്തനംതിട്ട സ്വദേശിയായ അമേരിക്കന്‍ മലയാളി നഴ്‌സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നല്‍കിയത്. നാട്ടിലെത്തിയ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്.
വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന് കീഴില്‍ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി യുഎസിലെ ടെക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. 2019 ജൂലൈ 19 ന് ടെക്‌സസിലെ തന്റെ വീട്ടില്‍ സ്വാമി ഗുരുപ്രസാദ് അതിഥിയായെത്തിയ സമയത്ത് സ്വാമി ഗുരുപ്രസാദ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് പരാതി.
പിന്നീട്, സ്വാമി യുവതിയ്ക്ക് സ്വന്തം നഗ്ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ യുവതിക്ക് വാട്‌സാപ്പില്‍ അയച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ഇയാള്‍ക്കെതിരെ ശിവഗിരി മഠത്തില്‍ പരാതി നല്‍കിയിരുന്നു. യുവതിയെയും ഭര്‍ത്താവിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് ഭീഷണി ഉയര്‍ത്തി. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തില്‍ തനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സ്വാമി മാനനഷ്ടക്കേസ് നല്‍കിയിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.