പൊലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം മകന്‍ കടന്നുകളഞ്ഞു.







വട്ടപ്പാറ
: രാത്രി വഴിയരികില്‍ കണ്ട സ്ത്രീയെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം മകന്‍ കടന്നുകളഞ്ഞു.

മകനെന്ന് കണ്ടെത്തിയ അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി
വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തില്‍ അജികുമാറിനെതിരെയാണ് പരാതി

ടാപ്പിങ് തൊഴിലാളിയായ മകന്‍ 71കാരിയായ അമ്മയ്‌ക്കൊപ്പം അടൂര്‍ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാള്‍ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയില്‍ കൊണ്ടുനിര്‍ത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അജ്ഞാതയായ വയോധികയെ വഴിയരികില്‍ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് പൊലീസ് വയോധികയെ കൂട്ടിക്കൊണ്ടു പോകുകയും മഹാത്മാ ജനസേവന കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. 

അഗതി മന്ദിരത്തിലെത്തിയതിന് പിന്നാലെ 16ന് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടര്‍ന്ന് കേന്ദ്രത്തില്‍ മദ്യപിച്ചെത്തിയ ഇയാള്‍ വയോധികയുടെ കയ്യിലുള്ള രേഖകള്‍ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി. ഇതില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാള്‍ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ അജികുമാറിനെതിരെ പരാതി നല്‍കുകയായിരുന്നു.


Previous Post Next Post