ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാനിരിക്കെ, വൻ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. മറ്റന്നാൾ ഇന്ത്യയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ മാത്രം നീക്കമല്ലിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിന് എതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും. പാർലമെന്റിലെ പ്രതിഷേധത്തിന് സിപിഐഎം ഒപ്പമുണ്ടാകും. എന്നാൽ കേരളത്തിലെ സിപിഎം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാൽ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ പന്ത്രണ്ട് മണിയോടെ ഇഡി ഓഫീസില്‍ സോണിയ ഹാജരാകും. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും ഓഫീസില്‍ ഹാജരായി മൊഴി നല്‍കാമെന്ന് സോണിയ ഗാന്ധി മറുപടി നല്‍കുകയായിരുന്നു. ഇഡിയുടെ നടപടിക്കെതിരെ പതിവുപോലെ പ്രതിഷേധിച്ച് അറസ്റ്റ് വരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. വിഷയം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.
അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.