പാർട്ടിക്കിടെ സ്വിമ്മിങ് പൂളിൽ ഗർത്തം; രണ്ട് പേർ ഭൂമിക്കടിയിലേക്ക്; ഒരാൾ മരിച്ചു


ജെറുസലേം: ഓഫീസ് പാർട്ടിക്കിടെ സ്വിമ്മിങ്ങ് പൂൾ തകർന്ന് ഒരാൾ മരിച്ചു. ഇസ്രായേലിൽ ആണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. മധ്യ ഇസ്രായേലിൽ ഒരു വില്ലയിലുള്ള സ്വിമ്മിങ് പൂളിലാണ് സംഭവമുണ്ടായിരിക്കുന്നത്. ഓഫീസ് പാർട്ടിക്കിടെ സ്വിമ്മിങ് പൂളിൽ ഗർത്തം രൂപപ്പെടുകയും ആളുകളെ വലിച്ചെടുകയുമായിരുന്നു. സംഭവത്തിൽ 32 വയസുകാരനായ ക്ലിൽ കിംഹി എന്നയാളാണ് കൊല്ലപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പിന്നീട് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഓഫീസ് പാർട്ടിക്കിടെ പൂളിൽ ഇറങ്ങിയ ആളുകളാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. സംഭവസമയത്ത് പൂളിൽ ഉണ്ടായിരുന്ന കിംഹി 43 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് കിംഹിയെ കണ്ടെത്തിയത്. എന്നാൽ, ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് വില്ലയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യുകയും ചെയ്തു. അശ്രദ്ധമായ നരഹത്യയെന്ന സംശയത്തിലാണ് ഉടമയെ പോലീസ് ചോദ്യം ചെയ്തത്. ഇസ്രായേലിലെ കർമേയ് യോസെഫ് പട്ടണത്തിലെ ഒരു വില്ലയിൽ നടന്ന മാർക്കറ്റിംഗ് കമ്പനിയുടെ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു കിംഹി.


ഈ വില്ലയിൽ ഇത്തരത്തിൽ പാർട്ടികൾക്കായി ആളുകൾ ഒത്തുകൂടാറുണ്ടെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കെട്ടിടമുടമ ഇത്തരത്തിൽ പൂൾ നിർമ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

പൂളിന്റെ അനുമതിക്കായി അപേക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അത് ലഭിക്കില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ കാരണം തന്നെ അനുമതി ലഭിക്കുമായിരുന്നില്ലെന്നും ഒരു മാധ്യമറിപ്പോർട്ടിൽ പറയുന്നു.


പൂളിലേക്ക് മറ്റൊരാൾ കൂടി വീണെങ്കിലും ഇയാളെ അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. പൂളിലെ വെള്ളം അകത്തേക്ക് വലിഞ്ഞപ്പോൾ മറ്റൊരാളും കുഴിയിലേക്ക് നിലതെറ്റി പതിക്കുകയായിരുന്നു. എന്നാൽ, സാഹസികമായി തന്നെ അയാൾ പിടിച്ച് രക്ഷപെടുകയായിരുന്നു. ഇയാൾക്ക് നിസ്സാരപരിക്കുകളോടെയാണ് രക്ഷപെട്ടത്.

ഗോ പ്രോ ക്യാമറ ഹെൽമെറ്റിൽ മൗണ്ട് ചെയ്തൊരാളെ താഴേക്കിറക്കി നടത്തിയ പരിശോധനയിലാണ് കിംഹിയുടെ മൃതദേഹം കണ്ടെത്തിയത്. വളരെ സങ്കീർണമായ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത് എന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു. ഇയാളെ രക്ഷിക്കുന്നതിനായി പൂളിന് മുകളിൽ ശക്തമായ ഒരു പ്രദലമുണ്ടാക്കുകയും ചെയ്തിരുന്നു.


അതേസമയം, പാർട്ടിയിൽ 50ലധികം ആളുകൾ പങ്കെടുത്തുവെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്. “പൂളിൽ നിന്നും ജലനിരപ്പ് പെട്ട് കുറയുവാൻ തുടങ്ങി. മധ്യത്തിലായി ഒരു ദ്വാരം രൂപപ്പെട്ടു. പെട്ടന്ന് തന്നെ ചുഴി രൂപം കൊള്ളുകയും രണ്ട് പേരെ അതിലേക്ക് വലിച്ചെടുക്കുകയുമായിരുന്നു.“ ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സെക്കന്റുകൾക്കുള്ളിൽ കിംഹി കുഴിയിലേക്ക് പതിക്കുകയായിരുന്നു.

Previous Post Next Post