ബഹ്റെെൻ: വിദേശത്തുള്ളവർക്ക് ഇനി മുതൽ ബഹ്റൈനിലെ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ബഹ്റെെനിൽ ജോലി ചെയ്യുന്നവർക്കും ജി.സി.സി പൗരന്മാർക്കും മറ്റു വിദേശികൾക്കും ഈ അവസരം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. bahrain.bh എന്ന നാഷനൽ ഇ-ഗവൺമെന്‍റ് പോർട്ടലിലാണ് ഇത് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻഫർമേഷൻ ഡിപ്പാർട്മെന്‍റ് ആണ് ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
പുതിയ ഇലക്ട്രോണിക് സേവനം എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ അതിന്റെ സ്റ്റാറ്റസ് അറിയാൻ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ സാധ്യത പരിശോധിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളം അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരിച്ചറിയൽ കാർഡ് നമ്പർ ഇതിന്റെ കൂടെ സമർപ്പിക്കണം. വിരലടയാളം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ പോപ്അപ് നോട്ടിഫിക്കേഷൻ ലഭിക്കും, ഇതിൽ പറയുന്നത് താമസിക്കുന്ന രാജ്യത്തെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി വിരലടയാളം അപ്ലോഡ് ചെയ്യണം, എന്ന നിർദേശം ആണ് ലഭിക്കുക.
ബഹ്റൈനിൽ താമസിക്കുകയും ബഹ്റെെൻ വിട്ടുപോകുകയും ചെയ്യമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കണം എങ്കിൽ ഡയറക്ടറേറ്റിനു കീഴിലെ പൊലീസ് സ്റ്റേഷനുകളിൽ ചെന്ന് വിരലടയാളം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈനിൽ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള സ്വഭാവ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകാമെന്നാണ് ബഹ്റെെൻ അധികൃതർ പറയുന്നത്.