സമരത്തിന് വന്നാൽ ബിരിയാണി വാങ്ങിത്തരും ! ബിരിയാണി വാഗ്ദ്ധാനം ചെയ്ത് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി.

പാലക്കാട്:  ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി.

രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടുപോയതെന്നും, സ്‌കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിന് കൂട്ടുനിന്നെന്നും ആരോപണമുണ്ട്.
പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് സമരത്തിന് കൊണ്ടുപോയത്. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു കളക്ടറേറ്റ് മാര്‍ച്ച്.

ഇതില്‍ പങ്കെടുക്കാന്‍ ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം. പാലക്കാട് കളക്ടറേറ്റ് മാര്‍ച്ചിനാണ് സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോയത്.
കുട്ടികള്‍ സ്‌കൂളില്‍ എത്താത്ത വിവരം അധ്യാപകര്‍ മറച്ചുവെച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Previous Post Next Post