റെനിൽ വിക്രമസിംഗെ ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ്: സത്യപ്രതിജ്ഞ ചെയ്തു

 


കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെൻറ് സമ്മേളനം ചേരും. എസ് ജെ ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും.

സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഗോ ഹോം റെനിൽ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. റെനിൽ രാജി വയ്ക്കാതെ പ്രസിഡൻറ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പ്രസിഡൻറ് ഓഫീസിനകത്ത് വീണ്ടും പ്രക്ഷോഭകർ പ്രവേശിച്ചിട്ടുണ്ട്.

ഗോത്തബയ രജപക്സെ ഇന്നലെയാണ് രാജിവെച്ചത്. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. വിക്രമസിംഗെയും രാജിവെക്കണം എന്ന് ഇന്നലെ തന്നെ ഇവർ ആവശ്യപ്പെട്ടിരുന്നു.

രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്.  ഒപ്പം ഭാര്യ യോമ രജപക്സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവർ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി.  അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Previous Post Next Post