നെടുമ്പാശേരി: വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാൾ പൊലീസ് പിടിയിൽ. എമിറേറ്റ്സ് വിമാനത്തിൽ ദുബൈക്ക് പോകാനെത്തിയ എൻ.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.
ഇയാൾ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു.
സി.ഐ.എസ്.എഫിന്‍റെ നേതൃത്വത്തിൽ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി പൊലീസിന് കൈമാറി./