റോഡുകളുടെ ശോചനീയമായ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി



കൊച്ചി: റോഡുകളുടെ ശോചനീയമായ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടയ്ക്കണമെങ്കിൽ കെ- റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിരത്തുകളിലെ അപകടങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. റോഡുകൾ ആറ് മാസത്തിനകം താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുളളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കണം. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു.

റോഡുകൾ ഇങ്ങനെ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത് വർധിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയിൽ മുൻപും കോടതി വിമർശനമുന്നയിച്ചിരുന്നു.
Previous Post Next Post