ആംബുലൻസ് ആയാലെന്താ ഹെൽമറ്റ് വെച്ച് ഓടിച്ചുകൂടെ ? പിഴയടയ്ക്കാൻ നോട്ടീസ്


മലപ്പുറം: ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാണിച്ച് ആംബുലൻസിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ പറപ്പൂർ ഇരിങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലൻസിനാണ് ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാട്ടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വേങ്ങര സ്വദേശിയായ ഹസീബ് പി പിഴ ചുമത്തിയതിന്റെ നോട്ടീസ് അടക്കം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വാഹന വിഭാഗത്തിന്റെ പേര് ആംബുലൻസ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഹെൽമെറ്റ് ധരിക്കാതെ മോട്ടോർസൈക്കിൾ ഓടിച്ചെന്ന് നോട്ടീസിൽ പറയുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ചാലിയം ഭാഗത്തുള്ള ക്യാമറിയിൽ പതിഞ്ഞെന്ന് വ്യക്തമാക്കുന്ന നോട്ടീസിൽ KL 55 A 2683 എന്ന നമ്പർ പ്ലേറ്റിന്റെ ചിത്രമാണുള്ളത്. എന്നാൽ വാഹനത്തിന്റെ നമ്പരായി ചേർത്തിരിക്കുന്നത് ആംബുലൻസിന്റെ നമ്പരായ KL 65 R 2683 ഉം. നേരത്തേയും സമാന സംഭവങ്ങൾ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മലപ്പുറത്തു തന്നെ ദിവസങ്ങളായി വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ പേരിൽ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയത് വാർത്തയായിരുന്നു. തിരുവനന്തപുരം റൂറൽ പൊലീസാണ് പിഴ ചുമത്തിയത്.  റമനിഷ്‌ പൊറ്റശ്ശേരി എന്നയാളുടെ പേരിലെ നെടുമങ്ങാട് റെജിസ്ട്രേഷൻ കാറിനാണ് പിഴ. പഴയ i20 കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാൻ മൊബൈൽ ഫോണിൽ സന്ദേശം എത്തുകയായിരുന്നു.

Previous Post Next Post