ഇടറോഡുകളിൽ പെൺകുട്ടികളെ കടന്നു പിടിക്കും; ബൈക്കിലെത്തി സ്ഥിരം ശല്യം; ഒടുവിൽ പിടിയിൽ


കോട്ടയം: ബൈക്കിലെത്തി പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. മാറാടി സ്വദേശി നസീബിനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാത്ത പെൺകുട്ടികളെ ഇയാൾ പതിവായി ശല്യം ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്. മുങ്ങി നടക്കുകയായിരുന്ന ഇയാളെ മൂവാറ്റുപുഴയിൽ നിന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നസീബിനെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 16ന് വടയാർ മുട്ടുങ്കൽ റോഡിൽ പെൺകുട്ടികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നസീബ് അറസ്റ്റിലായത്. ബൈക്കിലെത്തിയ പ്രതി പെൺകുട്ടികളെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. സമാനമായ രീതിയിൽ നിരവധിയാളുകളെ ഇയാൾ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്..

മുട്ടുങ്കൽ റോഡിൽ വെച്ച് രണ്ട് കുട്ടികളെയാണ് പ്രതി കടന്നുപിടിച്ചത്. കുതറിമാറിയ ഇവർ ബഹളം വെച്ചതോടെ നസീബ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മൂവാറ്റുപുഴയിലെ ഒരു ചെരുപ്പ് കടയിലെ ജീവനക്കാരനാണ് പ്രതി. വ്യാപാര സ്ഥാപനങ്ങളിൽ ചെരുപ്പിന്‍റെ ഓർഡറെടുത്ത് സാധനങ്ങൾ എത്തിക്കാനുള്ള യാത്രക്കിടെയാണ് ഇയാൾ ഇടവഴികൾ കേന്ദ്രീകരിച്ച് കുട്ടികളെ ശല്യം ചെയ്തിരുന്നത്.

കടുത്തുരുത്തി, വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്. വിവിധ ഇടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് മൂവാറ്റുപുഴയിൽ വെച്ച് പിടികൂടുകയായിരുന്നു. തലയോലപ്പറമ്പ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Previous Post Next Post