ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് മനസിലാകുമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പിഡബ്ല്യൂഡി റോഡുകളിലെ കുഴികള്‍ എണ്ണിനോക്കിയതിനുശേഷം ദേശീയപാതയിലേക്ക് നോക്കിയാല്‍ പോരെ? ഹൈക്കോടതി കേരളത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്- മുരളീധരന്‍ പറഞ്ഞു.
കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നു വീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ ദിവസവും ദുരിതം അനുഭവിക്കുകയാണ്. മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡ് മാര്‍ഗം സഞ്ചരിക്കണം. സാധാരണക്കാര്‍ എത്രമാത്രം ദുരിതം അനുഭവിച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്ന് അപ്പോള്‍ മനസിലാകുമെന്നും മുരളീധരന്‍ പറഞ്ഞു.
സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ ഞങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. '' കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി. അദ്ദേഹം കേന്ദ്ര പദ്ധതികള്‍ നിരീക്ഷിക്കാന്‍ പോയതിനെ വിമര്‍ശിച്ചതുകൊണ്ട് നെഞ്ചിടിപ്പ് മാറില്ല. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലുള്ള ആള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നല്‍കി. എല്ലാവരും കൊതുകു കയറാതെ വാതിലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാന്‍ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങള്‍ കോവിഡ് കാലത്ത് നല്‍കി. അത് നിര്‍ത്തിയത് എപ്പോഴാണെന്ന് നമുക്കറിയാം'' - മുരളീധരന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തെ നേരിടാന്‍ കഴിയാതെ ഒളിച്ചോടിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെപ്പോലെ കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയുന്ന ശീലം തനിക്കില്ല. മാധ്യമങ്ങളെ ഇനിയും കാണും എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായാണ് കേന്ദ്രമന്ത്രി മുരളീധരന്‍ രംഗത്തെത്തിത്. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണമെന്ന് മന്ത്രി റിയാസ് ആവശ്യപ്പെട്ടിരുന്നു. വി മുരളീധരന്‍ നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ട്. പലതവണ ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും മുരളീധരന്‍ നടത്തിയില്ലെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.