കലാപം കെട്ടടങ്ങാതെ ശ്രീലങ്ക; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തുടര്‍ന്ന് പ്രക്ഷോഭകര്‍, ഇന്ത്യ തത്കാലം ഇടപെടില്ല





ലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ പ്രക്ഷോഭകര്‍/ഫോട്ടോ: എഎഫ്പി
 

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്രസിഡൻറിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയും കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞു പോയിട്ടില്ല. പ്രക്ഷോഭകർ ഔദ്യോഗിക വസതി വളഞ്ഞതോടെ കൊട്ടാരം വിട്ട പ്രസിഡൻറ് ഇതുവരെ രാജി പ്രഖ്യാപനം നടത്താനും തയ്യാറായില്ല. 

ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന സർക്കാർ വൃത്തങ്ങളുടെ പ്രസ്താവനകൾക്കും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. ലക്ഷക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡൻറിൻറെ വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം പ്രക്ഷോഭകർ തീയിട്ടു. 

ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. പ്രസിഡൻറും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു. രജപക്സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി സ്പീക്കർ രംഗത്തെത്തി. പ്രസിഡൻറ് സ്ഥാനം രജപക്സേ ബുധനാഴ്ച രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചത്.

മാനുഷിക സഹായം നല്‍കുമെന്ന് ഇന്ത്യ

ശ്രീലങ്കയിലെ പ്രതിസന്ധിയില്‍ ഇന്ത്യ തത്കാലം ഇടപെടില്ല. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം നല്‍കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന റിപ്പോർട്ടുകളും വരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റേതാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും അഭയാർഥികൾ എത്തും. ഇതേ തുടർന്ന് രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Previous Post Next Post