വിലക്ക് ലംഘിച്ച്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു, സംഭവം ഇന്ന് പുലർച്ചെ മൂന്നു മണിക്ക്






തിരുവനന്തപുരം:
വിലക്ക് ലംഘിച്ച്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്‌ഐ സഭ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. 

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു.

ബിഷപ്പിനോട് നാളെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഇ മെയില്‍ മുഖേന നോട്ടീസും നല്‍കി. തിരുവനന്തപുരത്തുണ്ടായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചു. കാരക്കോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്‌ഐ സഭ ആസ്ഥാനത്ത് ഇഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

തുടര്‍ന്ന് വിദേശത്തേക്ക് പോകുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച്‌ ബ്രിട്ടനിലേക്ക് പോകാനാണ് ബിഷപ്പ് വിമാനത്താവളത്തിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ആസ്ഥാനമായ എല്‍എംഎസിലും, ബിഷപ്പും ബിഷപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ഇന്നലെ വ്യാപക പരിശോധന നടത്തിയിരുന്നു. ഇഡി യാത്ര തടഞ്ഞതിനെ തുടര്‍ന്ന് ബിഷപ്പ് റസാലം ബിഷപ്പ് ഹൗസിലേക്ക് മടങ്ങി.


Previous Post Next Post