ചെന്നൈ: സ്ഥാനമാനങ്ങളെ ചൊല്ലി തേനിയിലെ ഡിഎംകെയില്‍ തര്‍ക്കം. ജില്ലാ സെക്രട്ടറിയെ മുന്‍ ബ്ലോക്ക് സെക്രട്ടറിയും ഭാര്യയും സഹോദരനുമടങ്ങുന്ന സംഘം വീട്ടില്‍ കയറി കയ്യും കാലും തല്ലിയൊടിച്ചു. തേനിയില്‍ ഡിഎംകെയില്‍ നേതാക്കന്‍മാര്‍ തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി ആക്രമിച്ചത്. തേനി തെക്കന്‍ മേഖലാ ജില്ലാ സെക്രട്ടറി രത്നസഭാപതിയെ ഗുരുതര പരുക്കുകളോടെ തേനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൗണ്‍ പഞ്ചായത്ത് സെക്രട്ടറിമാരെ നിയമിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു വീടുകയറി ആക്രമണത്തിലെത്തിയത്. വീരപാണ്ടി ടൗണ്‍ സെക്രട്ടറിയായി സെല്‍വകുമാറിനെ അടുത്തിടെ പാര്‍ട്ടി നിയമിച്ചിരുന്നു. ഏറെകാലമായി സെക്രട്ടറിയായിരുന്നു ശാന്തകുമാറിനെ ഒഴിവാക്കിയായിരുന്നു പുതിയ നിയമനം. സ്ഥാനം നഷ്ടമായ ശാന്തകുമാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയ ഭാര്യയെയും സഹോദരനെയും മറ്റും കൂട്ടി കഴിഞ്ഞ ദിവസം രാത്രി രത്നസഭാപതിയുടെ വീട്ടിലെത്തി. ഈ സമയം രത്നസഭാപതി മറ്റു രണ്ടുപേര്‍ക്കൊപ്പം വീട്ടിലെ ഊണുമുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് കൂട്ടത്തിലൊരാള്‍ പുറത്തേക്കു പോകുന്നതും അക്രമികള്‍ വരുന്നതു കണ്ടു തിരികെ ഓടിവരുന്നതും ദൃശ്യങ്ങളിലുണ്ട്. റൂമിലേക്ക് ഓടിക്കയറുന്നതിനു മുന്‍പ് തന്നെ സഭാപതിയെ ശാന്തകുമാറും സംഘവും പിടികൂടി. ആക്രമണത്തിനിടെ വടി പൊട്ടിപോകുമ്പോള്‍ മറ്റൊരു വടികൊണ്ട് അരിശം തീരുന്നതുവരെ സഭാപതിയെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. സഭാപതിയുടെ കയ്യുടെയും കാലിന്റെയും എല്ലുകള്‍ക്കു പൊട്ടലുണ്ട്. ശാന്തകുമാര്‍, ഭാര്യ കവിത, സഹോദരന്‍ മഹേന്ദ്രന്‍ എന്നിവരടക്കം 8 പേര്‍ക്കെതിരെ വീരപാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.